മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം നേടി ജയരാജിന്റെ “ഭയാനകം”. മികച്ച നടനുള്ള പുരസ്‌കാരം രഞ്ജി പണിക്കര്‍ക്കും  മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ‌ ജയരാജിനും ലഭിച്ചു. ജയരാജിന്റെ നവരസ പരമ്പരകളിലെ ആറാമത്തെ ചിത്രമാണ് “ഭയാനകം”.ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ”ഒറ്റാൽ” ശ്രദ്ധിക്കപ്പെട്ട ശേഷം ഒരിക്കൽ കൂടി അദ്ദേഹം അന്താരാഷ്ട വേദിയിൽ തിളങ്ങുകയാണ്. 

തകഴിയുടെ “കയർ” എന്ന നോവലിലെ രണ്ട് അധ്യായങ്ങളെ ആസ്പദമാക്കിയാണ് ജയരാജ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒന്നാം ലോക മഹായുദ്ധത്തിൽ പരിക്കേറ്റ ഒരു സൈനികൻ പോസ്റ്റ്മാനായി കുട്ടനാട്ടിലെത്തുന്നു.ആദ്യം മണിഓർഡറുകളുമായി നടന്ന പോസ്റ്മാനു പിന്നീട് മരണവാർത്തകൾ നിറഞ്ഞ ടെലഗ്രാമുകളുമായി സഞ്ചരിക്കേണ്ടി വരുന്നതാണ് കഥാപശ്ചാത്തലം. പോസ്റ്റ്മാനായി എത്തുന്നത് രഞ്ജി പണിക്കരാണ്.ആശ ശരത്തും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണും കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ആർട്ടിസ്റ് നമ്പൂതിരിയും ആണ്.സുരേഷ് കുമാർ മുട്ടത്താണ് ചിത്രത്തിന്റെ നിർമാതാവ്.